
കൊച്ചി: ചോറ്റാനിക്കരയിലെ വീട്ടിൽ യുവതിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ അമ്മ ഉയർത്തുന്നത്. യുവാവ് മകളെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നാണ് ഇവർ പറയുന്നത്. മകൾ തനിച്ചായിരുന്നു താമസമെന്നും മകളുടെ സുഹൃത്തുക്കളെ പേടിച്ച് മറ്റൊരിടത്താണ് കഴിഞ്ഞിരുന്നതെന്നും ഇവർ വെളിപ്പെടുത്തി.
താൻ മർദിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് യുവതിയുടെ ആൺസുഹൃത്ത് പൊലീസിനോട് പറഞ്ഞത്. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, വധശ്രമം എന്നിവയ്ക്കാണു കേസ് എടുത്തതെന്നു പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി.ഷാജൻ പറഞ്ഞു. പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിലായിരുന്നു. ദേഹത്ത് പരുക്കുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാവും കസ്റ്റഡിയിലുള്ള യുവാവിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. പെൺകുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.











